Book_Chapter_Verse,Text 1JN_001_001,ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും ഞങ്ങളുടെ കണ്ണുകൊണ്ട് കണ്ടതും ഞങ്ങൾ നോക്കിയതും 1JN_001_002,"ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ച് — ജീവൻ പ്രത്യക്ഷമായി, ഞങ്ങൾ കണ്ട് സാക്ഷീകരിക്കുകയും പിതാവിനോടുകൂടെയിരുന്ന് ഞങ്ങൾക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോട് അറിയിക്കുകയും ചെയ്യുന്നു —" 1JN_001_003,ഞങ്ങൾ കണ്ടും കേട്ടുമുള്ളത് നിങ്ങൾക്ക് ഞങ്ങളോട് കൂട്ടായ്മ ഉണ്ടാകേണ്ടതിന് നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടുകൂടെയും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടുകൂടെയും ആകുന്നു. 1JN_001_004,അങ്ങനെ നിങ്ങളുടെ സന്തോഷം പൂർണ്ണമാകുവാൻ ഞങ്ങൾ ഇത് നിങ്ങൾക്ക് എഴുതുന്നു. 1JN_001_005,"ദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ട് അശേഷം ഇല്ല എന്നത് ഞങ്ങൾ അവനിൽനിന്ന് കേട്ട്, നിങ്ങളോട് അറിയിക്കുന്ന ദൂതാകുന്നു." 1JN_001_006,അവനോട് കൂടെ കൂട്ടായ്മ ഉണ്ട് എന്ന് പറയുകയും ഇരുട്ടിൽ നടക്കുകയും ചെയ്താൽ നാം ഭോഷ്ക് പറയുന്നു; സത്യം പ്രവർത്തിക്കുന്നതുമില്ല. 1JN_001_007,എന്നാൽ അവൻ വെളിച്ചത്തിൽ ഇരിക്കുന്നതുപോലെ നാം വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ നമുക്ക് അന്യോന്യം കൂട്ടായ്മ ഉണ്ട്; അവന്റെ പുത്രനായ യേശുവിന്റെ രക്തം സകലപാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു. 1JN_001_008,നമുക്ക് പാപം ഇല്ല എന്ന് പറയുന്നു എങ്കിൽ നമ്മൾ നമ്മെത്തന്നെ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി. 1JN_001_009,എന്നാൽ നമ്മുടെ പാപങ്ങളെ നമ്മൾ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോട് പാപങ്ങളെ ക്ഷമിച്ച് സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിക്കുവാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു. 1JN_001_010,നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കിൽ നമ്മൾ അവനെ നുണയൻ ആക്കുന്നു; അവന്റെ വചനം നമ്മിൽ ഇല്ലാതെയായി. 1JN_002_001,"എന്റെ പ്രിയ കുഞ്ഞുങ്ങളേ, നിങ്ങൾ പാപം ചെയ്യാതിരിക്കുവാൻ ഞാൻ ഇത് നിങ്ങൾക്ക് എഴുതുന്നു. എന്നാൽ ആരെങ്കിലും പാപംചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന മദ്ധ്യസ്ഥൻ നമുക്ക് പിതാവിന്റെ അടുക്കൽ ഉണ്ട്." 1JN_002_002,"അവൻ നമ്മുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിന് മാത്രം അല്ല, സർവ്വലോകത്തിന്റെ പാപത്തിനും തന്നെ." 1JN_002_003,നാം അവന്റെ കല്പനകളെ പ്രമാണിക്കുന്നു എങ്കിൽ അവനെ നാം അറിഞ്ഞിരിക്കുന്നു എന്ന് അതിനാൽ അറിയുന്നു. 1JN_002_004,‘ഞാൻ ദൈവത്തെ അറിയുന്നു’ എന്ന് പറയുകയും അവന്റെ കല്പനകളെ പ്രമാണിക്കാതിരിക്കുകയും ചെയ്യുന്നവൻ നുണയൻ ആകുന്നു; സത്യം അവനിൽ ഇല്ല. 1JN_002_005,എന്നാൽ ആരെങ്കിലും അവന്റെ വചനം പ്രമാണിക്കുന്നു എങ്കിൽ സത്യമായി ദൈവസ്നേഹം അവനിൽ തികഞ്ഞിരിക്കുന്നു. നാം അവനിൽ ഇരിക്കുന്നു എന്ന് ഇതിനാൽ നമുക്ക് അറിയാം. 1JN_002_006,‘ദൈവത്തിൽ വസിക്കുന്നു’ എന്ന് പറയുന്നവൻ യേശുക്രിസ്തു നടന്നതുപോലെ നടക്കുവാൻ കടപ്പെട്ടവനാണ്. 1JN_002_007,"പ്രിയമുള്ളവരേ, പുതിയൊരു കല്പനയല്ല ആദിമുതൽ നിങ്ങൾക്കുള്ള പഴയ കല്പനയത്രേ ഞാൻ നിങ്ങൾക്ക് എഴുതുന്നത്. ആ പഴയ കല്പന നിങ്ങൾ കേട്ട വചനം തന്നെ." 1JN_002_008,"ക്രിസ്തുവിലും നിങ്ങളിലും സത്യമായിരിക്കുന്ന പുതിയൊരു കല്പന ഞാൻ നിങ്ങൾക്ക് എഴുതുന്നു എന്നും പറയാം; കാരണം, ഇരുട്ട് നീങ്ങിപ്പോകുന്നു; സത്യവെളിച്ചം ഇപ്പോൾതന്നെ പ്രകാശിക്കുന്നു." 1JN_002_009,വെളിച്ചത്തിൽ ഇരിക്കുന്നു എന്ന് പറയുകയും സഹോദരനെ പകയ്ക്കുകയും ചെയ്യുന്നവൻ ഇന്നയോളം ഇരുട്ടിൽ ഇരിക്കുന്നു. 1JN_002_010,തന്റെ സഹോദരനെ സ്നേഹിക്കുന്നവൻ വെളിച്ചത്തിൽ വസിക്കുന്നു; ഇടർച്ചക്ക് അവനിൽ കാരണമില്ല. 1JN_002_011,എന്നാൽ സഹോദരനെ വെറുക്കുന്നവനോ ഇരുട്ടിൽ ഇരിക്കുന്നു; ഇരുട്ടിൽ നടക്കുകയും ചെയ്യുന്നു. ഇരുട്ട് അവന്റെ കണ്ണ് കുരുടാക്കുകയാൽ എവിടേക്ക് പോകുന്നു എന്ന് അവൻ അറിയുന്നില്ല. 1JN_002_012,"പ്രിയ കുഞ്ഞുങ്ങളേ, അവന്റെ നാമംനിമിത്തം നിങ്ങളുടെ പാപങ്ങൾ മോചിച്ചിരിക്കുകയാൽ ഞാൻ നിങ്ങൾക്ക് എഴുതുന്നു." 1JN_002_013,"പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കുകയാൽ ഞാൻ നിങ്ങൾക്ക് എഴുതുന്നു. യൗവനക്കാരേ, നിങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കുകയാൽ ഞാൻ നിങ്ങൾക്ക് എഴുതുന്നു. കുഞ്ഞുങ്ങളേ, നിങ്ങൾ പിതാവിനെ അറിഞ്ഞിരിക്കുകയാൽ ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നു." 1JN_002_014,"പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കുകയാൽ ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നു. യൗവനക്കാരേ, നിങ്ങൾ ശക്തരാകയാലും ദൈവവചനം നിങ്ങളിൽ വസിക്കുകയാലും നിങ്ങൾ ദുഷ്ടനെ ജയിച്ചിരിക്കുകയാലും ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നു." 1JN_002_015,ലോകത്തെയോ ലോകത്തിലുള്ളതിനെയോ സ്നേഹിക്കരുത്. ആരെങ്കിലും ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല. 1JN_002_016,"ജഡമോഹം, കണ്മോഹം, ജീവിതത്തെക്കുറിച്ചുള്ള നിഗളഭാവം ഇങ്ങനെ ലോകത്തിലുള്ളത് എല്ലാം പിതാവിന്റേതല്ല, എന്നാൽ ലോകത്തിന്റേതത്രെ ആകുന്നു." 1JN_002_017,ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; എന്നാൽ ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും നിലനിൽക്കുന്നു. 1JN_002_018,"കുഞ്ഞുങ്ങളേ, ഇത് അന്ത്യകാലമാകുന്നു; എതിർക്രിസ്തു വരുന്നു എന്ന് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾ അനേകം എതിർക്രിസ്തുക്കൾ വന്നിരിക്കുകയാൽ അന്ത്യകാലമാകുന്നു എന്ന് നമുക്ക് അറിയാം." 1JN_002_019,അവർ നമ്മുടെ ഇടയിൽനിന്ന് പുറത്തുപോയി; എന്നാൽ അവർ നമുക്കുള്ളവർ അല്ലായിരുന്നു; അവർ നമുക്കുള്ളവർ ആയിരുന്നു എങ്കിൽ അവർ നമ്മോടുകൂടെ ഉണ്ടാകുമായിരുന്നു; എന്നാൽ അവർ പുറത്തുപോയതുകൊണ്ട് അവരാരും നമുക്കുള്ളവർ അല്ലെന്ന് കാണിക്കുന്നു. 1JN_002_020,എന്നാൽ നിങ്ങൾ പരിശുദ്ധനിൽ നിന്നുള്ള അഭിഷേകം പ്രാപിക്കുകയും എല്ലാം അറിയുകയും ചെയ്യുന്നു. 1JN_002_021,"നിങ്ങൾ സത്യം അറിയാത്തതുകൊണ്ടല്ല, നിങ്ങൾ അത് അറിയുകയാലും ഭോഷ്ക് ഒന്നും സത്യത്തിൽനിന്ന് വരായ്കയാലുമത്രേ ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നത്." 1JN_002_022,യേശുവിനെ ക്രിസ്തുവല്ല എന്ന് നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നെ എതിർക്രിസ്തു ആകുന്നു. 1JN_002_023,പുത്രനെ നിഷേധിക്കുന്നവനൊന്നും പിതാവില്ല; പുത്രനെ സ്വീകരിക്കുന്നവന് പിതാവും ഉണ്ട്. 1JN_002_024,നിങ്ങൾ ആദിമുതൽ കേട്ടത് നിങ്ങളിൽ വസിക്കട്ടെ. ആദിമുതൽ കേട്ടത് നിങ്ങളിൽ വസിക്കുന്നു എങ്കിൽ നിങ്ങൾ പുത്രനിലും പിതാവിലും വസിക്കും. 1JN_002_025,ഇതാകുന്നു അവൻ നമുക്ക് തന്ന വാഗ്ദത്തം: നിത്യജീവൻ തന്നെ. 1JN_002_026,നിങ്ങളെ വഞ്ചിക്കുന്നവർ നിമിത്തം ഞാൻ ഇത് നിങ്ങൾക്ക് എഴുതിയിരിക്കുന്നു. 1JN_002_027,അവനിൽനിന്ന് സ്വീകരിച്ച അഭിഷേകം നിങ്ങളിൽ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിക്കുവാൻ ആവശ്യമില്ല; എന്നാൽ അവന്റെ അഭിഷേകം തന്നെ നിങ്ങൾക്ക് സകലത്തെക്കുറിച്ചും ഉപദേശിച്ചുതരികയാലും അത് ഭോഷ്കല്ല സത്യം തന്നെ ആയിരിക്കുകയാലും അത് നിങ്ങളെ ഉപദേശിച്ചതുപോലെ നിങ്ങൾ അവനിൽ വസിക്കുവിൻ. 1JN_002_028,"ഇപ്പോഴോ പ്രിയ കുഞ്ഞുങ്ങളേ, അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവന്റെ മുമ്പിൽ ലജ്ജിച്ചുപോകാതിരിക്കേണ്ടതിനും അവന്റെ വരവിൽ നമുക്ക് ധൈര്യം ഉണ്ടാകേണ്ടതിനും അവനിൽ വസിക്കുവിൻ." 1JN_002_029,അവൻ നീതിമാൻ എന്ന് നിങ്ങൾ അറിയുന്നു എങ്കിൽ നീതി ചെയ്യുന്നവരെല്ലാം അവനിൽനിന്ന് ജനിച്ചിരിക്കുന്നു എന്നും നിങ്ങൾ അറിയുന്നു. 1JN_003_001,"കാണ്മിൻ, നാം ദൈവമക്കൾ എന്ന് വിളിക്കപ്പെടുവാൻ പിതാവ് നമ്മിൽ എത്ര അധികം സ്നേഹം പകർന്നിരിക്കുന്നു; നാം അങ്ങനെ തന്നെ ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ട് നമ്മെയും അറിയുന്നില്ല." 1JN_003_002,"പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം എന്ത് ആകും എന്ന് ഇതുവരെ വെളിപ്പെട്ടിട്ടില്ല. എന്നാൽ അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെപ്പോലെ ആകും എന്ന് നാം അറിയുന്നു. എന്തെന്നാൽ, അവൻ ആയിരിക്കുന്നതുപോലെ നാം അവനെ കാണുമല്ലോ." 1JN_003_003,അവനിൽ ഈ പ്രത്യാശയുള്ളവരെല്ലാം അവൻ നിർമ്മലനായിരിക്കുന്നതുപോലെ തന്നെത്തന്നെ നിർമ്മലീകരിക്കുന്നു. 1JN_003_004,പാപം ചെയ്യുന്നവൻ എല്ലാം നിയമലംഘനവും നടത്തുന്നു; പാപം നിയമലംഘനം തന്നെ. 1JN_003_005,പാപങ്ങളെ നീക്കുവാൻ അവൻ വെളിപ്പെട്ടു എന്ന് നിങ്ങൾ അറിയുന്നു; അവനിൽ പാപം ഇല്ല. 1JN_003_006,"അവനിൽ വസിക്കുന്നവൻ ആരും പാപത്തിൽ തുടരുന്നില്ല. പാപം ചെയ്യുന്നവൻ ആരും അവനെ കണ്ടിട്ടുമില്ല, അറിഞ്ഞിട്ടുമില്ല." 1JN_003_007,"പ്രിയ കുഞ്ഞുങ്ങളേ, ആരും നിങ്ങളെ വഞ്ചിക്കരുത്; അവൻ നീതിമാനായിരിക്കുന്നതുപോലെ നീതി ചെയ്യുന്നവൻ നീതിമാൻ ആകുന്നു." 1JN_003_008,പാപം ചെയ്യുന്നവൻ പിശാചിൽ നിന്നുള്ളവൻ ആകുന്നു. കാരണം പിശാച് ആദിമുതൽ പാപം ചെയ്യുന്നുവല്ലോ. പിശാചിന്റെ പ്രവൃത്തികളെ ഇല്ലാതാക്കുന്നതിനായി ദൈവപുത്രൻ വെളിപ്പെട്ടു. 1JN_003_009,ദൈവത്തിൽനിന്ന് ജനിച്ചവർ ആരും പാപത്തിൽ തുടരുന്നില്ല; കാരണം ദൈവത്തിന്റെ പ്രകൃതം അവനിൽ വസിക്കുന്നു; ദൈവത്തിൽനിന്ന് ജനിച്ചതിനാൽ അവന് പാപത്തിൽ തുടരുവാൻ കഴിയുകയുമില്ല. 1JN_003_010,ദൈവത്തിന്റെ മക്കൾ ആരെന്നും പിശാചിന്റെ മക്കൾ ആരെന്നും ഇതിനാൽ വെളിപ്പെടുന്നു; നീതി പ്രവർത്തിക്കാത്തവനോ സഹോദരനെ സ്നേഹിക്കാത്തവനോ ദൈവത്തിൽനിന്നുള്ളവനല്ല. 1JN_003_011,നിങ്ങൾ ആദിമുതൽ കേട്ട ദൂത് ഇതാണ്: നമ്മൾ അന്യോന്യം സ്നേഹിക്കേണം. 1JN_003_012,കയീൻ ദുഷ്ടനിൽനിന്നുള്ളവനായും സഹോദരനെ കൊന്നതുപോലെയും ആകരുത്; അവനെ കൊല്ലുവാൻ സംഗതി എന്ത്? തന്റെ പ്രവൃത്തി ദോഷവും സഹോദരന്റേത് നീതിയുള്ളതും ആയിരുന്നതുകൊണ്ടത്രേ. 1JN_003_013,"എന്റെ സഹോദരന്മാരേ, ലോകം നിങ്ങളെ വെറുക്കുന്നു എങ്കിൽ ആശ്ചര്യപ്പെടരുത്." 1JN_003_014,നമ്മൾ മരണം വിട്ട് ജീവനിൽ കടന്നിരിക്കുന്നു എന്ന് സഹോദരന്മാരെ സ്നേഹിക്കുന്നതിനാൽ നമുക്ക് അറിയാം. സ്നേഹിക്കാത്തവൻ മരണത്തിൽ വസിക്കുന്നു. 1JN_003_015,തന്റെ സഹോദരനെ പകയ്ക്കുന്നവൻ ആരായാലും കൊലപാതകൻ ആകുന്നു. യാതൊരു കൊലപാതകന്റെയും ഉള്ളിൽ നിത്യജീവൻ വസിച്ചിരിക്കുന്നില്ല എന്നു നിങ്ങൾ അറിയുന്നു. 1JN_003_016,ക്രിസ്തു നമുക്കുവേണ്ടി തന്റെ പ്രാണനെ വച്ചുകൊടുത്തതിനാൽ നാം സ്നേഹം എന്ത് എന്ന് അറിഞ്ഞിരിക്കുന്നു; നാമും സഹോദരന്മാർക്കുവേണ്ടി പ്രാണനെ വച്ചുകൊടുക്കേണ്ടതാകുന്നു. 1JN_003_017,"എന്നാൽ ഈ ലോകത്തിലെ വസ്തുവകയുള്ളവൻ ആരെങ്കിലും തന്റെ സഹോദരൻ ആവശ്യക്കാരനാണെന്ന് കണ്ടിട്ടും, അവന്റെനേരെ തന്റെ ഹൃദയം അടച്ചുകളഞ്ഞാൽ ദൈവത്തിന്റെ സ്നേഹം അവനിൽ എങ്ങനെ വസിക്കും?" 1JN_003_018,"എന്റെ പ്രിയ കുഞ്ഞുങ്ങളേ, നാം വാക്കിനാലോ നാവിനാലോ അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നെ സ്നേഹിക്കുക." 1JN_003_019,നാം സത്യത്തിൽനിന്നുള്ളവരാണ് എന്ന് ഇതിനാൽ നമുക്ക് അറിയാം; 1JN_003_020,"നമ്മുടെ ഹൃദയം നമ്മെ കുറ്റം വിധിക്കുന്നു എങ്കിൽ, ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും എല്ലാം അറിയുന്നവനും ആകുന്നതുകൊണ്ട് നമ്മുടെ ഹൃദയത്തെ ദൈവസന്നിധിയിൽ ഉറപ്പിക്കാം." 1JN_003_021,"പ്രിയമുള്ളവരേ, ഹൃദയം നമ്മെ കുററം വിധിക്കുന്നില്ലെങ്കിൽ നമുക്ക് ദൈവത്തോടു പ്രാഗത്ഭ്യം ഉണ്ട്." 1JN_003_022,അവന്റെ കല്പനകളെ നാം പ്രമാണിക്കുകയും അവന് പ്രസാദമുള്ളത് പ്രവൃത്തിക്കുകയും ചെയ്കകൊണ്ട് നാം എന്ത് യാചിച്ചാലും അവനിൽനിന്ന് നമുക്ക് ലഭിക്കും. 1JN_003_023,അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നാം വിശ്വസിക്കുകയും അവൻ നമ്മോട് കല്പിച്ചതുപോലെ അന്യോന്യം സ്നേഹിക്കുകയും വേണം എന്നുള്ളതാണ് അവന്റെ കല്പന. 1JN_003_024,ദൈവത്തിന്റെ കല്പനകളെ പ്രമാണിക്കുന്നവൻ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു. അവൻ നമ്മിൽ വസിക്കുന്നു എന്ന് അവൻ നമുക്ക് തന്ന ആത്മാവിനാൽ തന്നെ നാം അറിയുന്നു. 1JN_004_001,"പ്രിയമുള്ളവരേ, അനേകം കള്ളപ്രവാചകന്മാർ ലോകത്തിലേക്കു പുറപ്പെട്ടിരിക്കുകയാൽ ഏത് ആത്മാവിനെയും വിശ്വസിക്കാതെ, ആത്മാക്കൾ ദൈവത്തിൽനിന്നുള്ളവയോ എന്ന് ശോധന ചെയ്‌വിൻ." 1JN_004_002,ദൈവാത്മാവിനെ നിങ്ങൾക്ക് ഇതിനാൽ അറിയാം: യേശുക്രിസ്തു ജഡത്തിൽ വന്നു എന്ന് സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളത്. 1JN_004_003,യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽനിന്നുള്ളതല്ല. അത് എതിർക്രിസ്തുവിന്റെ ആത്മാവ് തന്നെ; അത് വരുന്നു എന്ന് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; അത് ഇപ്പോൾതന്നെ ലോകത്തിൽ ഉണ്ട്. 1JN_004_004,"പ്രിയ കുഞ്ഞുങ്ങളേ, നിങ്ങൾ ദൈവത്തിൽനിന്നുള്ളവർ ആകുന്നു; എതിർക്രിസ്തുവിന്റെ ആത്മാക്കളെ ജയിച്ചുമിരിക്കുന്നു. കാരണം നിങ്ങളിലുള്ളവൻ ലോകത്തിൽ ഉള്ളവനേക്കാൾ വലിയവനല്ലോ." 1JN_004_005,"അവർ ലോകത്തിനുള്ളവർ ആകുന്നു, അതുകൊണ്ട് അവർ ലോകത്തിലുള്ളത് സംസാരിക്കുന്നു; ലോകം അവരെ ശ്രദ്ധിക്കുന്നു." 1JN_004_006,ഞങ്ങൾ ദൈവത്തിൽനിന്നുള്ളവരാകുന്നു; ദൈവത്തെ അറിയുന്നവൻ ഞങ്ങളുടെ വാക്ക് ശ്രദ്ധിക്കുന്നു. ദൈവത്തിൽനിന്നല്ലാത്തവൻ ഞങ്ങളുടെ വാക്ക് ശ്രദ്ധിക്കുന്നില്ല. സത്യത്തിന്റെ ആത്മാവ് ഏത് എന്നും അസത്യത്തിന്റെ ആത്മാവ് ഏത് എന്നും ഇതിനാൽ നമുക്ക് അറിയാം. 1JN_004_007,"പ്രിയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്കുക; കാരണം സ്നേഹം ദൈവത്തിൽനിന്നുള്ളതാണ്. സ്നേഹിക്കുന്നവരെല്ലാം ദൈവത്തിൽനിന്ന് ജനിച്ചിരിക്കുന്നു, ദൈവത്തെ അറിയുകയും ചെയ്യുന്നു." 1JN_004_008,"ദൈവം സ്നേഹം തന്നെയായതിനാൽ, സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല." 1JN_004_009,"നാം അവനാൽ ജീവിക്കേണ്ടതിന്, ദൈവം തന്റെ ഏകജാതനായ പുത്രനെ ലോകത്തിലേക്ക് അയച്ചു എന്നതിനാൽ ദൈവത്തിന് നമ്മോടുള്ള സ്നേഹം വെളിപ്പെട്ടു." 1JN_004_010,"നാം ദൈവത്തെ സ്നേഹിച്ചു എന്നതല്ല, അവൻ നമ്മെ സ്നേഹിക്കുകയും തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം ആകുവാൻ അയയ്ക്കുകയും ചെയ്തു എന്നത് തന്നെ സാക്ഷാൽ സ്നേഹം." 1JN_004_011,"പ്രിയമുള്ളവരേ, ദൈവം നമ്മെ ഇങ്ങനെ സ്നേഹിച്ചു എങ്കിൽ നാമും അന്യോന്യം സ്നേഹിക്കേണ്ടതാകുന്നു." 1JN_004_012,ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. നാം അന്യോന്യം സ്നേഹിക്കുന്നുവെങ്കിൽ ദൈവം നമ്മിൽ വസിക്കുന്നു; അവന്റെ സ്നേഹം നമ്മിൽ തികഞ്ഞുമിരിക്കുന്നു. 1JN_004_013,അവൻ തന്റെ ആത്മാവിനെ നമുക്ക് തന്നതിനാൽ നാം അവനിലും അവൻ നമ്മിലും വസിക്കുന്നു എന്ന് നാം അറിയുന്നു. 1JN_004_014,പിതാവ് ലോകരക്ഷിതാവായിട്ട് പുത്രനെ അയച്ചിരിക്കുന്നു എന്ന് ഞങ്ങൾ കണ്ടും സാക്ഷ്യം പറയുകയും ചെയ്യുന്നു. 1JN_004_015,"യേശു ദൈവപുത്രൻ എന്ന് സ്വീകരിക്കുന്നവനിൽ ദൈവവും, അവൻ ദൈവത്തിലും വസിക്കുന്നു." 1JN_004_016,ഇങ്ങനെ ദൈവത്തിന് നമ്മോടുള്ള സ്നേഹത്തെ നാം അറിഞ്ഞും വിശ്വസിച്ചുമിരിക്കുന്നു. ദൈവം സ്നേഹം തന്നെ; സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിൽ വസിക്കുന്നു; ദൈവം അവനിലും വസിക്കുന്നു. 1JN_004_017,"അവൻ ആയിരിക്കുന്നതുപോലെ നാം ഈ ലോകത്തിൽ ആയിരിക്കുന്നതുകൊണ്ട്, ന്യായവിധിദിവസത്തിൽ നമുക്ക് ധൈര്യം ഉണ്ടാകുവാൻ തക്കവണ്ണം ഇങ്ങനെ സ്നേഹം നമ്മിൽ തികഞ്ഞുവന്നിരിക്കുന്നു." 1JN_004_018,സ്നേഹത്തിൽ ഭയമില്ല; ശിക്ഷയിൽ ഭയം ഉള്ളതിനാൽ തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു; എന്നാൽ ഭയപ്പെടുന്നവൻ സ്നേഹത്തിൽ തികഞ്ഞവനല്ല. 1JN_004_019,ദൈവം ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ട് നാം സ്നേഹിക്കുന്നു. 1JN_004_020,"ഒരുവൻ, ‘ഞാൻ ദൈവത്തെ സ്നേഹിക്കുന്നു’ എന്നു പറയുകയും, തന്റെ സഹോദരനെ വെറുക്കുകയും ചെയ്താൽ അവൻ നുണയനാകുന്നു. കാരണം, താൻ കണ്ടിട്ടുള്ള തന്റെ സഹോദരനെ സ്നേഹിക്കാത്തവന് കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിക്കുവാൻ കഴിയുന്നതല്ല." 1JN_004_021,ദൈവത്തെ സ്നേഹിക്കുന്നവൻ തന്റെ സഹോദരനെയും സ്നേഹിക്കേണം എന്ന ഈ കല്പന നമുക്ക് അവങ്കൽനിന്ന് ലഭിച്ചിരിക്കുന്നു. 1JN_005_001,യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ ഏവനും ദൈവത്തിൽനിന്ന് ജനിച്ചിരിക്കുന്നു. ജനിപ്പിച്ചവനെ സ്നേഹിക്കുന്നവരെല്ലാം അവനാൽ ജനിച്ചവനെയും സ്നേഹിക്കുന്നു. 1JN_005_002,നാം ദൈവത്തെ സ്നേഹിക്കുകയും അവന്റെ കല്പനകളെ പ്രമാണിക്കുകയും ചെയ്യുന്നതിനാൽ ദൈവമക്കളെ സ്നേഹിക്കുന്നു എന്ന് നമുക്ക് അറിയാം. 1JN_005_003,അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കല്പനകൾ ഭാരമുള്ളവയല്ല. 1JN_005_004,"കാരണം, ദൈവത്തിൽനിന്ന് ജനിച്ചവരൊക്കെയും ലോകത്തെ ജയിക്കുന്നു: ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നെ." 1JN_005_005,എന്നാൽ യേശു ദൈവപുത്രൻ എന്ന് വിശ്വസിക്കുന്നവൻ അല്ലാതെ ആരാകുന്നു ലോകത്തെ ജയിക്കുന്നവൻ? 1JN_005_006,"ജലത്താലും രക്തത്താലും വന്നവൻ ഇവൻ ആകുന്നു: യേശുക്രിസ്തു തന്നെ; ജലത്താൽ മാത്രമല്ല, ജലത്താലും രക്തത്താലും തന്നെ." 1JN_005_007,ആത്മാവ് സത്യമായതിനാൽ ആത്മാവും സാക്ഷ്യം പറയുന്നു. 1JN_005_008,"സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ട്: ആത്മാവ്, ജലം, രക്തം; ഈ മൂന്നിന്റേയും സാക്ഷ്യം ഒന്ന് തന്നെ." 1JN_005_009,"നാം മനുഷ്യരുടെ സാക്ഷ്യം കൈക്കൊള്ളുന്നു എങ്കിൽ ദൈവത്തിന്റെ സാക്ഷ്യം അതിലും വലിയതാകുന്നു. എന്തെന്നാൽ, ദൈവത്തിന്റെ സാക്ഷ്യമോ, അവൻ തന്റെ പുത്രനെക്കുറിച്ച് സാക്ഷീകരിച്ചിരിക്കുന്നത് തന്നെ." 1JN_005_010,ദൈവപുത്രനിൽ വിശ്വസിക്കുന്നവന് ഉള്ളിൽ ആ സാക്ഷ്യം ഉണ്ട്. ദൈവത്തെ വിശ്വസിക്കാത്തവൻ ദൈവം തന്റെ പുത്രനെക്കുറിച്ച് പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്കകൊണ്ട് അവനെ നുണയനാക്കുന്നു. 1JN_005_011,"ആ സാക്ഷ്യമോ, ദൈവം നമുക്ക് നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ട് എന്നുള്ളത് തന്നെ." 1JN_005_012,പുത്രനുള്ളവന് ജീവൻ ഉണ്ട്; ദൈവപുത്രനില്ലാത്തവന് ജീവൻ ഇല്ല. 1JN_005_013,ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്ക് നിത്യജീവൻ ഉണ്ടെന്ന് നിങ്ങൾ അറിയേണ്ടതിന് ഞാൻ ഇത് നിങ്ങൾക്ക് എഴുതിയിരിക്കുന്നു. 1JN_005_014,അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും ചോദിച്ചാൽ അവൻ നമ്മെ കേൾക്കുന്നു എന്നുള്ളത് നമുക്ക് അവനിലുള്ള ധൈര്യമാകുന്നു. 1JN_005_015,നമ്മൾ എന്ത് ചോദിച്ചാലും അവൻ നമ്മെ കേൾക്കുന്നു എന്നറിയുന്നുവെങ്കിൽ അവനോട് ചോദിച്ച അപേക്ഷകൾ നമുക്ക് ലഭിച്ചു എന്നും അറിയുന്നു. 1JN_005_016,സഹോദരൻ മരണത്തിനല്ലാത്ത പാപം ചെയ്യുന്നത് ആരെങ്കിലും കണ്ടാൽ പ്രാർത്ഥിക്കാം; ദൈവം അവന് ജീവനെ കൊടുക്കും; മരണത്തിനല്ലാത്ത പാപം ചെയ്യുന്നവർക്ക് തന്നെ; മരണത്തിനുള്ള പാപം ഉണ്ട്; അവൻ അതിനെക്കുറിച്ച് അപേക്ഷിക്കണം എന്ന് ഞാൻ പറയുന്നില്ല. 1JN_005_017,എല്ലാ അനീതിയും പാപം ആകുന്നു; എന്നാൽ മരണത്തിനല്ലാത്ത പാപവും ഉണ്ട്. 1JN_005_018,ദൈവത്തിൽനിന്ന് ജനിച്ചിരിക്കുന്നവൻ ആരും പാപത്തിൽ തുടരുന്നില്ല എന്ന് നാം അറിയുന്നു; ദൈവത്തിൽനിന്ന് ജനിച്ചവൻ അവനെ സൂക്ഷിക്കുന്നു; ദുഷ്ടൻ അവനെ തൊടുന്നതുമില്ല. 1JN_005_019,നാം ദൈവത്തിൽനിന്നുള്ളവർ എന്ന് നാം അറിയുന്നു. സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു. 1JN_005_020,ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിയുവാൻ നമുക്ക് വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നെ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു. 1JN_005_021,"കുഞ്ഞുങ്ങളേ, വിഗ്രഹങ്ങളിൽനിന്ന് നിങ്ങളെത്തന്നെ സൂക്ഷിക്കുവിൻ."