Book_Chapter_Verse,Text 2TI_001_001,ക്രിസ്തുയേശുവിലുള്ള ജീവന്റെ വാഗ്ദത്തപ്രകാരം ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലൊസ് പ്രിയമകനായ തിമൊഥെയൊസിന് എഴുതുന്നത്: 2TI_001_002,പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിങ്കൽനിന്നും നിനക്ക് കൃപയും കനിവും സമാധാനവും ഉണ്ടാകട്ടെ. 2TI_001_003,എന്റെ പ്രാർത്ഥനയിൽ രാവും പകലും ഇടവിടാതെ നിന്നെ സ്മരിച്ചും നിന്റെ കണ്ണുനീർ ഓർത്ത് നിന്നെ കണ്ട് സന്തോഷപൂർണ്ണനാകുവാൻ വാഞ്ചിച്ചുംകൊണ്ട് 2TI_001_004,ഞാൻ പൂർവ്വന്മാരുടെ ദൃഷ്ടാന്തം അനുസരിച്ച് നിർമ്മലമനസ്സാക്ഷിയോടെ സേവിക്കുന്ന ദൈവത്തിന് നിന്റെ നിർവ്യാജവിശ്വാസത്തിന്റെ ഓർമ്മ നിമിത്തം സ്തോത്രം ചെയ്യുന്നു. 2TI_001_005,ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യുനീക്കയിലും ഉണ്ടായിരുന്നു; നിന്നിലും ഉണ്ടെന്ന് ഞാൻ ഉറച്ചിരിക്കുന്നു. 2TI_001_006,അതുകൊണ്ട് എന്റെ കൈവെപ്പിനാൽ നിന്നിലുള്ള ദൈവത്തിന്റെ കൃപാവരം വീണ്ടും ജ്വലിപ്പിക്കേണം എന്നു നിന്നെ ഓർമ്മപ്പെടുത്തുന്നു. 2TI_001_007,"എന്തുകൊണ്ടെന്നാൽ, ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നത്." 2TI_001_008,അതുകൊണ്ട് നമ്മുടെ കർത്താവിന്റെ സാക്ഷ്യത്തെയോ അവന്റെ ബദ്ധനായ എന്നെയോ കുറിച്ച് ലജ്ജിക്കാതെ സുവിശേഷത്തിനായി ദൈവശക്തിയ്ക്ക് ഒത്തവണ്ണം നീയും എന്നോടുകൂടെ കഷ്ടം സഹിക്കുക. 2TI_001_009,"അവൻ നമ്മെ രക്ഷിയ്ക്കുകയും വിശുദ്ധവിളികൊണ്ടു വിളിക്കുകയും ചെയ്തത് നമ്മുടെ പ്രവൃത്തികൾ നിമിത്തമല്ല, സകലകാലത്തിനും മുമ്പെ ക്രിസ്തുയേശുവിൽ നമുക്കു നല്കിയിരിക്കുന്നതും" 2TI_001_010,മരണം നീക്കുകയും സുവിശേഷം കൊണ്ട് ജീവനും അക്ഷയതയും വെളിച്ചത്തിലേക്ക് വരുത്തുകയും ചെയ്ത നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിന്റെ പ്രത്യക്ഷതയാൽ വെളിപ്പെട്ടിരിക്കുന്നതുമായ തന്റെ സ്വന്ത നിർണ്ണയത്തിനും കൃപയ്ക്കും ഒത്തവണ്ണമത്രേ. 2TI_001_011,ആ സുവിശേഷത്തിന് ഞാൻ പ്രസംഗിയും അപ്പൊസ്തലനും ഉപദേഷ്ടാവുമായി നിയമിക്കപ്പെട്ടിരിക്കുന്നു. 2TI_001_012,അതുനിമിത്തം തന്നെ ഞാൻ ഇതൊക്കെയും സഹിക്കുന്നു; എങ്കിലും ലജ്ജിക്കുന്നില്ല; എന്തെന്നാൽ ഞാൻ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു; അവൻ എന്റെ ഉപനിധി ആ ദിവസംവരെ സൂക്ഷിക്കുവാൻ ശക്തൻ എന്ന് ഉറച്ചുമിരിക്കുന്നു. 2TI_001_013,എന്നോട് കേട്ട ഉറപ്പുള്ള വചനം നീ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും മാതൃകയാക്കിക്കൊള്ളുക. 2TI_001_014,നിന്നെ ഭരമേല്പിച്ച ആ നല്ല ഉപനിധി നമ്മിൽ അധിവസിക്കുന്ന പരിശുദ്ധാത്മാവിനാൽ സൂക്ഷിച്ചുകൊള്ളുക. 2TI_001_015,ആസ്യക്കാർ എല്ലാവരും എന്നെ വിട്ടുപൊയ്ക്കളഞ്ഞു എന്ന് നീ അറിയുന്നുവല്ലോ; ഫുഗലൊസും ഹെർമ്മെഗനേസും ആ കൂട്ടത്തിൽ ഉള്ളവർ ആകുന്നു. 2TI_001_016,പലപ്പോഴും എനിക്ക് ഉന്മേഷം വരുത്തിയതിനാൽ ഒനേസിഫൊരൊസിന്റെ കുടുംബത്തിന് കർത്താവ് കരുണ നല്കുമാറാകട്ടെ. 2TI_001_017,"അവൻ എന്റെ ചങ്ങലയെക്കുറിച്ച് ലജ്ജിക്കാതെ, എന്നാൽ ഞാൻ റോമിൽ എത്തിയ ഉടനെ താല്പര്യത്തോടെ എന്നെ തിരയുകയും കണ്ടെത്തുകയും ചെയ്തു." 2TI_001_018,ആ ദിവസത്തിൽ കർത്താവിന്റെ പക്കൽ കരുണ കണ്ടെത്തുവാൻ കർത്താവ് അവനെ സഹായിക്കട്ടെ. എഫെസൊസിൽവച്ച് അവൻ എനിക്ക് എന്തെല്ലാം ശുശ്രൂഷചെയ്തു എന്ന് നീ നല്ലവണ്ണം അറിയുന്നുവല്ലോ. 2TI_002_001,"അതുകൊണ്ട് എന്റെ മകനേ, ക്രിസ്തുയേശുവിലുള്ള കൃപയിൽ ശക്തിപ്പെടുക." 2TI_002_002,നീ പല സാക്ഷികളുടെ മുമ്പാകെ എന്നോട് കേട്ടതെല്ലാം മറ്റുള്ളവരെ ഉപദേശിക്കുവാൻ സമർത്ഥരായ വിശ്വസ്തമനുഷ്യരെ ഭരമേല്പിക്കുക. 2TI_002_003,ക്രിസ്തുയേശുവിന്റെ നല്ല ഭടനായി നീയും കഷ്ടതയിൽ പങ്കാളിയാകുക. 2TI_002_004,പടയിൽ ചേർത്തവനെ പ്രസാദിപ്പിക്കേണ്ടതിന് യാതൊരു പടയാളിയും ജീവനകാര്യങ്ങളിൽ ഇടപെടാതിരിക്കുന്നു. 2TI_002_005,കായികമൽസരത്തിൽ പങ്കെടുക്കുന്നവൻ നിയമപ്രകാരം മത്സരിച്ചില്ലെങ്കിൽ കിരീടം പ്രാപിക്കുകയില്ല. 2TI_002_006,അദ്ധ്വാനിക്കുന്ന കൃഷിക്കാരൻ ആകുന്നു ഫലത്തിന്റെ പങ്ക് ആദ്യം അനുഭവിക്കേണ്ടത്. 2TI_002_007,കർത്താവ് സകലത്തിലും നിനക്ക് ബുദ്ധി നല്കുമെന്നതിനാൽ ഞാൻ പറയുന്നത് ചിന്തിച്ചുകൊള്ളുക. 2TI_002_008,ദാവീദിന്റെ സന്തതിയായി ജനിച്ച് മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊള്ളുക. 2TI_002_009,അത് ആകുന്നു എന്റെ സുവിശേഷം. അത് നിമിത്തം ഞാൻ ദുഷ്പ്രവൃത്തിക്കാരൻ എന്നപോലെ കഷ്ടം സഹിച്ച് ബന്ധനസ്ഥൻ പോലും ആകേണ്ടി വരുന്നു; എന്നാൽ ദൈവവചനത്തിനോ ബന്ധനം ഇല്ല. 2TI_002_010,അതുകൊണ്ട് ക്രിസ്തുയേശുവിലുള്ള രക്ഷ നിത്യതേജസ്സോടുകൂടെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് കിട്ടേണ്ടതിന് ഞാൻ അവർക്കായി സകലവും സഹിക്കുന്നു. 2TI_002_011,നാം അവനോടുകൂടെ മരിച്ചു എങ്കിൽ കൂടെ ജീവിക്കും; സഹിക്കുന്നു എങ്കിൽ കൂടെ വാഴും; 2TI_002_012,നാം അവനെ തള്ളിപ്പറയും എങ്കിൽ അവൻ നമ്മെയും തള്ളിപ്പറയും. 2TI_002_013,നാം അവിശ്വസ്തരായിത്തീർന്നാലും അവൻ വിശ്വസ്തനായി പാർക്കുന്നു; എന്തെന്നാൽ തന്റെ സ്വഭാവം ത്യജിക്കുവാൻ അവന് കഴിയുകയില്ലല്ലോ; ഈ വചനം വിശ്വാസ യോഗ്യമാകുന്നു. 2TI_002_014,കേൾക്കുന്നവരെ നശിപ്പിച്ചുകളയുന്നതിനല്ലാതെ ഒന്നിനും കൊള്ളാത്ത വാഗ്വാദം ചെയ്യാതിരിക്കേണമെന്ന് കർത്താവിനെ സാക്ഷിയാക്കി അവരെ ഓർമ്മപ്പെടുത്തി ആജ്ഞാപിക്കുക. 2TI_002_015,സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ട് ലജ്ജിക്കുവാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന് കൊള്ളാകുന്നവനെന്ന് നിന്നെത്തന്നെ കാണിക്കുവാൻ ശ്രമിക്കുക. 2TI_002_016,എന്നാൽ ഭക്തിവിരുദ്ധമായ വ്യർത്ഥസംസാരങ്ങളെ ഒഴിഞ്ഞിരിക്കുക; അങ്ങനെയുള്ളവർക്ക് അഭക്തി അധികമധികം വർദ്ധിച്ചുവരും; 2TI_002_017,അവരുടെ വാക്ക് അർബ്ബുദവ്യാധിപോലെ തിന്നുകൊണ്ടിരിക്കും. 2TI_002_018,"ഹുമനയൊസും ഫിലേത്തൊസും അവരുടെ കൂട്ടത്തിൽ ഉള്ളവരാകുന്നു; അവർ സത്യം വിട്ടു തെറ്റി, പുനരുത്ഥാനം കഴിഞ്ഞു എന്നു പറയുകയും ചിലരുടെ വിശ്വാസം മറിച്ചുകളയുകയും ചെയ്യുന്നു." 2TI_002_019,എങ്കിലും ദൈവത്തിന്റെ സ്ഥിരമായ അടിസ്ഥാനം നിലനില്ക്കുന്നു; “കർത്താവ് തനിക്കുള്ളവരെ അറിയുന്നു” എന്നും “കർത്താവിന്റെ നാമം ഉച്ചരിക്കുന്നവൻ എല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ” എന്നും ആകുന്നു അതിന്റെ മുദ്ര. 2TI_002_020,"എന്നാൽ ഒരു വലിയ വീട്ടിൽ പൊന്നും വെള്ളിയും കൊണ്ടുള്ള പാത്രങ്ങൾ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ട്; ചിലത് മാന്യകാര്യത്തിനും ചിലത് ഹീനകാര്യത്തിനും ഉപയോഗിക്കുന്നു." 2TI_002_021,"ഒരുവൻ ഹീനകാര്യങ്ങളിൽ നിന്ന് തന്നെത്താൻ വെടിപ്പാക്കുകയാണെങ്കിൽ, അവൻ വിശുദ്ധവും ഉടമസ്ഥന് ഉപയോഗവുമായി നല്ല വേലയ്ക്ക് ഒക്കെയും ഒരുങ്ങിയിരിക്കുന്ന മാന്യകാര്യത്തിനുള്ള പാത്രം ആയിരിക്കും." 2TI_002_022,അതുകൊണ്ട് യൗവനമോഹങ്ങളെ വിട്ടോടുക; എന്നാൽ ശുദ്ധഹൃദയത്തിൽ നിന്ന് കർത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു കൂടെ നീതിയും വിശ്വാസവും സ്നേഹവും സമാധാനവും പിന്തുടരുക. 2TI_002_023,ബുദ്ധിയില്ലാത്തതും ഭോഷത്വവുമായ തർക്കം ശണ്ഠക്കിടയാക്കുന്നു എന്നറിഞ്ഞ് അത് ഒഴിഞ്ഞിരിക്കുക. 2TI_002_024,കർത്താവിന്റെ ദാസൻ കലഹിക്കാതെ എല്ലാവരോടും ശാന്തനും ഉപദേശിക്കുവാൻ സമർത്ഥനും ദോഷം സഹിക്കുന്നവനും ആയിരിക്കണം. 2TI_002_025,വിരോധികൾക്കു ദൈവം സത്യത്തിന്റെ പരിജ്ഞാനത്തിനായി മാനസാന്തരം നല്കുമോ എന്നും 2TI_002_026,"പിശാചിനാൽ പിടിപെട്ടു കുടുങ്ങിയവരാകയാൽ, അവർ സുബോധം പ്രാപിച്ച് അവന്റെ കെണിയിൽനിന്ന് ഒഴിഞ്ഞ് ദൈവേഷ്ടം ചെയ്യുമോ എന്നും വച്ച് അവരെ സൗമ്യതയോടെ പഠിപ്പിക്കേണ്ടതും ആകുന്നു." 2TI_003_001,അന്ത്യകാലത്ത് ദുർഘടസമയങ്ങൾ വരും എന്നറിയുക. 2TI_003_002,എന്തുകൊണ്ടെന്നാൽ മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും 2TI_003_003,വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും ഇന്ദ്രിയജയം ഇല്ലാത്തവരും ക്രൂരന്മാരും 2TI_003_004,സൽഗുണദ്വേഷികളും ദ്രോഹികളും വീണ്ടുവിചാ‍രമില്ലാത്തവരും തന്റേടികളും ദൈവത്തെ സ്നേഹിക്കാതെ സുഖമോഹികളായും 2TI_003_005,ഭക്തിയുടെ വേഷം ധരിച്ച് അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. ഇങ്ങനെയുള്ളവരെ വിട്ടൊഴിയുക. 2TI_003_006,"വീടുകളിൽ നുഴഞ്ഞുകടക്കുകയും പാപങ്ങളെ ചുമന്നുകൊണ്ട് പലതരം മോഹങ്ങൾക്കും അധീനരായി," 2TI_003_007,എപ്പോഴും പഠിക്കുകയും ഒരിക്കലും സത്യത്തിന്റെ പരിജ്ഞാനം പ്രാപിക്കുവാൻ കഴിയാത്തവരുമായ ബലഹീനസ്ത്രീകളെ സ്വാധീനമാക്കുകയും ചെയ്യുന്നവർ ഈ കൂട്ടത്തിലുള്ളവർ ആകുന്നു. 2TI_003_008,യന്നേസും യംബ്രേസും മോശെയോട് എതിർത്തുനിന്നതുപോലെ തന്നെ ഇവരും സത്യത്തോട് മറുത്തുനില്‍ക്കുന്നു; അവർ ദുർബ്ബുദ്ധികളും വിശ്വാസം സംബന്ധിച്ച് അയോഗ്യരുമത്രേ. 2TI_003_009,എന്നാൽ മേല്പറഞ്ഞവരുടെ ബുദ്ധികേട് വെളിപ്പെട്ടതുപോലെ ഇവരുടെ ബുദ്ധികേടും എല്ലാവർക്കും വെളിപ്പെടും എന്നതിനാൽ അവർ അധികം മുന്നോട്ടുപോകയില്ല. 2TI_003_010,"നീയോ എന്റെ ഉപദേശം, സ്വഭാവം, ഉദ്ദേശം, വിശ്വാസം, ദീർഘക്ഷമ, സ്നേഹം, സഹിഷ്ണത എന്നിവയും" 2TI_003_011,അന്ത്യൊക്യയിലും ഇക്കോന്യയിലും ലുസ്ത്രയിലും എനിക്ക് സംഭവിച്ച ഉപദ്രവവും കഷ്ടാനുഭവവും കണ്ടറിഞ്ഞിരിക്കുന്നു; ഞാൻ എന്തെല്ലാം ഉപദ്രവം സഹിച്ചു; അവ എല്ലാറ്റിൽ നിന്നും കർത്താവ് എന്നെ വിടുവിച്ചു. 2TI_003_012,ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിക്കുവാൻ മനസ്സുള്ളവർക്ക് എല്ലാം ഉപദ്രവം ഉണ്ടാകും നിശ്ചയം. 2TI_003_013,ദുഷ്ടമനുഷ്യരും കപടശാലികളുമോ വഞ്ചിച്ചും വഞ്ചിക്കപ്പെട്ടും കൊണ്ട് മേല്ക്കുമേൽ ദോഷത്തിൽ മുതിർന്നുവരും. 2TI_003_014,എന്നാൽ നീയോ ആരിൽനിന്ന് പഠിച്ചു എന്ന് അറിയുകയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷയ്ക്ക് ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതൽ അറിയുകയും ചെയ്യുന്നതുകൊണ്ട് 2TI_003_015,നീ പഠിച്ചും നിശ്ചയം പ്രാപിച്ചുമിരിക്കുന്നതിൽ നിലനിൽക്കുക. 2TI_003_016,"എല്ലാ തിരുവെഴുത്തും ദൈവശ്വാസീയവും, ദൈവത്തിന്റെ മനുഷ്യൻ സകലസൽപ്രവൃത്തിക്കും ഒരുക്കപ്പെട്ട് തികഞ്ഞവൻ ആകേണ്ടതിന്" 2TI_003_017,ഉപദേശത്തിനും ശാസനത്തിനും തിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും പ്രയോജനമുള്ളതും ആകുന്നു. 2TI_004_001,"ദൈവത്തെയും, ജീവിക്കുന്നവർക്കും മരിച്ചവർക്കും ന്യായവിസ്താരം നടത്തുവാനുള്ള ക്രിസ്തുയേശുവിനെയും സാക്ഷിനിർത്തി അവന്റെ പ്രത്യക്ഷതയും രാജ്യവും നിമിത്തം ഗൗരവപൂർവം ഞാൻ കല്പിക്കുന്നത്:" 2TI_004_002,വചനം പ്രസംഗിക്കുക; സമയത്തിലും അസമയത്തിലും ഒരുങ്ങിനിൽക്കുക; സകല ദീർഘക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്കുക; തർജ്ജനം ചെയ്യുക; പ്രബോധിപ്പിക്കുക. 2TI_004_003,"എന്തെന്നാൽ ജനങ്ങൾ ആരോഗ്യകരമായ ഉപദേശം സ്വീകരിക്കാതെ, കർണ്ണരസത്തിനായി സ്വന്ത മോഹങ്ങൾക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ തങ്ങൾക്കായി വിളിച്ചുകൂട്ടുകയും" 2TI_004_004,"സത്യത്തിന് ചെവികൊടുക്കാതെ, കെട്ടുകഥ കേൾക്കുവാൻ തിരിയുകയും ചെയ്യുന്ന കാലം വരും." 2TI_004_005,നീയോ സകലത്തിലും സമചിത്തൻ ആയിരിക്കുക; കഷ്ടം സഹിക്കുക; സുവിശേഷകന്റെ പ്രവൃത്തി ചെയ്യുക; നിന്റെ ശുശ്രൂഷ നിവർത്തിക്കുക. 2TI_004_006,ഞാനോ ഇപ്പോൾതന്നെ പാനീയയാഗമായി ഒഴിക്കപ്പെടുന്നു; എന്റെ നിര്യാണകാലവും അടുത്തിരിക്കുന്നു. 2TI_004_007,"ഞാൻ നല്ല പോർ പൊരുതി, ഓട്ടം തികച്ചു, വിശ്വാസം കാത്തു." 2TI_004_008,"ഇനി നീതിയുടെ കിരീടം എനിക്കായി കരുതിവച്ചിരിക്കുന്നു; അത് നീതിയുള്ള ന്യായാധിപതിയായ കർത്താവ് ആ ദിവസത്തിൽ എനിക്ക് നല്കും; എനിക്ക് മാത്രമല്ല, അവന്റെ പ്രത്യക്ഷത പ്രിയംവച്ച ഏവർക്കുംകൂടെ." 2TI_004_009,വേഗത്തിൽ എന്റെ അടുക്കൽ വരുവാൻ ഉത്സാഹിക്കുക. 2TI_004_010,എന്തെന്നാൽ ദേമാസ് ഈ ലോകത്തെ സ്നേഹിച്ചിട്ട് എന്നെ വിട്ട് തെസ്സലോനിക്യയിലേക്ക് പോയി. ക്രേസ്കസ് ഗലാത്യയ്ക്കും തീത്തൊസ് ദല്മാത്യയ്ക്കും പോയി; 2TI_004_011,ലൂക്കോസ് മാത്രമേ എന്നോടുകൂടെ ഉള്ളൂ; മർക്കൊസ് എനിക്ക് ശുശ്രൂഷയ്ക്കായി ഉപയോഗമുള്ളവൻ ആകയാൽ അവനെ കൂട്ടിക്കൊണ്ട് വരിക. 2TI_004_012,തിഹിക്കൊസിനെ ഞാൻ എഫെസൊസിലേക്ക് അയച്ചിരിക്കുന്നു. 2TI_004_013,ഞാൻ ത്രോവാസിൽ കർപ്പൊസിന്റെ പക്കൽ വച്ചിട്ട് പോന്ന പുതപ്പും പുസ്തകങ്ങളും വിശേഷാൽ ചർമ്മലിഖിതങ്ങളും നീ വരുമ്പോൾ കൊണ്ടുവരിക. 2TI_004_014,ചെമ്പുപണിക്കാരൻ അലെക്സന്തർ എനിക്ക് വളരെ ദോഷം ചെയ്തു; അവന്റെ പ്രവൃത്തികൾക്കു തക്കവണ്ണം കർത്താവ് അവന് പകരം ചെയ്യും. 2TI_004_015,അവൻ നമ്മുടെ പ്രസംഗത്തോട് അത്യന്തം എതിർത്തുനിന്നതുകൊണ്ട് നീയും അവനെ സൂക്ഷിച്ചുകൊള്ളുക. 2TI_004_016,എന്റെ ഒന്നാം പ്രതിവാദത്തിൽ ആരും എനിക്ക് തുണ നിന്നില്ല; എല്ലാവരും എന്നെ കൈവിട്ടു; അത് അവർക്ക് എതിരെ കണക്കിടാതിരിക്കട്ടെ. 2TI_004_017,എന്നാൽ കർത്താവ് എന്നോട് കൂടെ നിന്ന് പ്രസംഗം എന്നെക്കൊണ്ട് നിവർത്തിക്കുവാനും സകലജാതികളും കേൾക്കുവാനും എന്നെ ശക്തീകരിച്ചു; അങ്ങനെ ഞാൻ സിംഹത്തിന്റെ വായിൽനിന്നു രക്ഷപ്രാപിച്ചു. 2TI_004_018,കർത്താവ് എന്നെ സകല ദുഷ്പ്രവൃത്തിയിൽനിന്നും വിടുവിച്ച് തന്റെ സ്വർഗ്ഗീയരാജ്യത്തിനായി കാത്തുസൂക്ഷിക്കും; അവന് എന്നെന്നേക്കും മഹത്വം. ആമേൻ. 2TI_004_019,പ്രിസ്കെക്കും അക്വിലാവിനും ഒനേസിഫൊരൊസിന്റെ കുടുംബത്തിനും വന്ദനം ചൊല്ലുക. 2TI_004_020,എരസ്തൊസ് കൊരിന്തിൽ താമസിച്ചു; എന്നാൽ ത്രൊഫിമൊസിനെ ഞാൻ മിലേത്തിൽ രോഗിയായി വിട്ടിട്ടുപോന്നു. 2TI_004_021,കഴിവതും ശീതകാലത്തിന് മുമ്പെ വരുവാൻ ശ്രമിക്കുക. യൂബൂലൊസും പൂദെസും ലീനൊസും ക്ലൌദിയയും സഹോദരന്മാർ എല്ലാവരും നിനക്ക് വന്ദനം ചൊല്ലുന്നു. 2TI_004_022,കർത്താവ് നിന്റെ ആത്മാവോടുകൂടെ ഇരിക്കട്ടെ. കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.